Thursday 21 January 2016

മുന്‍വിധി അരുതേ....

എന്‍റെ യവ്വന കാലവുമായി വളരെയധികം ബന്ധപ്പെട്ട ഒരു സിനിമ ആയിരുന്നു '1983'. ശരിക്കും പറഞ്ഞാല്‍ അക്കാലത്ത് ക്രിക്കറ്റിന്റെ പുറകെ നടന്നിരുന്ന എന്‍റെയും എന്‍റെ കൂട്ടുകാരുടെയും ജീവിതം ഒരു പരിധി വരെ അതില്‍ പകര്‍ത്തി വച്ചിട്ടുണ്ട്. എന്നാല്‍ ആ ചിത്രമിറങ്ങിയ സമയത്ത് ആ ചിത്രത്തെപ്പറ്റി വളരെ മോശം അഭിപ്രായം പറഞ്ഞവര്‍ ധാരാളമാണ്. സിനിമയ്ക്ക് അഭിപ്രായം കൈവന്നപ്പോള്‍ മോശംപറഞ്ഞവരൊക്കെ പിന്നീട് ചുവടു മാറ്റി എന്നുള്ളത് സത്യം. അതൊരു ക്ലാസ് ചിത്രമാണ് എന്നൊന്നുമല്ല പറഞ്ഞവരുന്നത്‌. എനിക്കും എന്നെ പോലെ ഉള്ളവര്‍ക്കും ആദ്യം കണ്ടപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ട ചിത്രം. ക്രിക്കറ്റ് കാണുന്നത് മോശമായി കാണുന്നവര്‍ക്ക് ആ ചിത്രം ഒരുപക്ഷെ ദഹിക്കില്ലായിരിക്കും. എന്ന് വച്ച് അത് ബോര്‍ അടിപ്പിക്കുന്നു, അല്ലെങ്കില്‍ വളരെ മോശം എന്നൊരു അര്‍ത്ഥമില്ല തന്നെ.
പറഞ്ഞു വരുന്നതെന്താനെന്നു വച്ചാല്‍ പണ്ടൊക്കെ ഒരു നോവലോ ജീവചരിത്രമോ ആത്മകഥയോ ഒക്കെ വായിക്കുമ്പോള്‍ നാട്ടുകാര്‍ ആ വിവരം അറിയില്ലായിരുന്നു. ഇന്നങ്ങനെയല്ല. പുസ്തകം കൈയ്യില്‍ എടുക്കുമ്പോള്‍ തന്നെ reading 'മാങ്ങാത്തൊലി' എന്ന് പോസ്റ്റ്‌ ഇടും.
6 മാസം കഴിയുമ്പോള്‍ 'മാങ്ങാത്തൊലി' ഇതുവരെ വായിച്ചു തീര്‍ന്നില്ല എന്ന് പോസ്റ്റ്‌ ചെയ്യും.
ഒരു വര്‍ഷം കഴിയുമ്പോള്‍ 'മാങ്ങാത്തൊലി' കൈയ്യില്‍ എടുത്തിട്ടു ഒരു വര്‍ഷമായി എന്ന് പോസ്റ്റ്‌ ചെയ്യും.(ഒപ്പം ഈ സ്മൈലിയും tongue emoticon )
ഇത്തരം അഭിപ്രായങ്ങള്‍ ആ പുസ്തകം കൈയ്യിലെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെയെങ്കിലും പിന്തിരിപ്പിക്കാന്‍ ഇടയാക്കില്ലേ...?
ഒരുപക്ഷെ വായിക്കാന്‍ സമയം കിട്ടാത്തതോ കൈയ്യിലെടുത്ത പുസ്തകത്തിലെ വിഷയം എടുത്തയാളെ (അയാളെ മാത്രം) ബോറടിപ്പിക്കുന്നതോ ഒക്കെ ആകാം കാരണങ്ങള്‍...
ഒരാള്‍ക്ക്‌ ബോര്‍ അടിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ആ പുസ്തകം മോശമാകണമെന്നില്ലല്ലോ. മാത്രമല്ല ചില നല്ല പുസ്തകങ്ങളുമായി തുടക്കത്തില്‍ ഒന്നിഴുകി ചേരാന്‍ അല്‍പ്പം സമയമെടുക്കുന്നത് സ്വാഭാവികം...
പുസ്തകം മുഴുവന്‍ വായിച്ചു തീരുന്നതിനു മുന്‍പുള്ള ഇത്തരം അഭിപ്രായങ്ങള്‍ ഒഴിവാക്കേണ്ടതല്ലേ എന്നൊരു എളിയ സംശയം ഇല്ലാതില്ലാതില്ലാതില്ലാ....
ഒരു നല്ല വായനക്കാരന്‍ എന്നും പുസ്തകങ്ങളെ സ്നേഹിക്കുന്നവനായിരിക്കണം..

Wednesday 6 January 2016

'നേരാ വാ അല്‍പ്പം വളഞ്ഞുവളഞ്ഞു പോ'

എന്‍റെ സുഹൃത്തിന്‍റെ മോളാണ് സാന്ദ്ര. 5th ല്‍പഠിക്കുന്നു. മെലിഞ്ഞുണങ്ങിയ ഒരു കാ‍ന്താരി. അവളുടെ ഡാഡിയും മമ്മിയും സര്‍ക്കാര്‍ ജോലിക്കാരാണ്. രണ്ടു പേരും മുന്തിയ ഗൌരവക്കാര്‍. വീട്ടിലാണെങ്കില്‍ സന്ദ്രയോടും ഇളയവന്‍ അപ്പുവിനോടും രണ്ടു പേര്‍ക്കും വല്ല്യ മിണ്ടാട്ടമില്ല. 'ഗൌരവം' കുറയരുതല്ലോ. രണ്ടു പേരും ഉള്ള സ്നേഹം ഉള്ളിലൊതുക്കി കടിച്ചുപിടിച്ചങ്ങു നടക്കും.
'സാന്ദ്ര...അപ്പൂ... ഗോ ആന്‍ഡ് ഗെറ്റ് റെഡി.....' രാവിലെ മമ്മിയുടെ ആദ്യ സംഭാഷണ ശകലം.
'ദേ ദോശ....' രാവിലെ കാപ്പി ഉണ്ടാക്കിക്കഴിഞ്ഞു സാന്ദ്രയുടെ മമ്മി ഒരു തവണ വിളിച്ചു പറയും. വേണെങ്കില്‍ വന്നു കഴിച്ചോണം. അല്ലപിന്നെ.
'ദേ സ്കൂള്‍വാന്‍....' ബാഗെടുത്തു കൊടുക്കുന്നതിനിടയില്‍ ഒരു തവണ പറയും. അത്രയൊക്കെയേ ഉള്ളൂ കമ്മ്യുണിക്കേഷന്‍.
'ഞാനിറങ്ങുന്നു...' ഡാഡിയുടെ വകയായുള്ള വചനം. തീര്‍ന്നു. അങ്ങേരു രാവിലെ ആകെ പറയുന്ന ഒരു വാചകം  ഇതാണ്.
     പക്ഷെ സാന്ദ്ര നേരെ തിരിച്ചാണ്. ഗൌരവക്കാരായ ഡാഡിയേയും മമ്മിയേയുംഎങ്ങനെ കൈകാര്യം ചെയ്യണം എന്നവള്‍ക്കറിയാം. വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ പുറകില്‍ നീറു കടിച്ചിരിക്കുന്നതുപോലെ തുള്ളിമറിഞ്ഞു അവള്‍ കളിച്ചു നടക്കും. ഫുള്‍ടൈം ആക്റ്റിവ് ആണ് പുള്ളിക്കാരി. പുറകെ വാലിനു തീ പിടിച്ചപോലെ അലമ്പിന്‍റെ രാജാവ് അപ്പുവും ഉണ്ടാകും.
ഡാഡിയും മമ്മിയും ജോലി കഴിഞ്ഞു വീട്ടിലെത്തി, വേലക്കാരി ഉണ്ടാക്കി കൊടുത്ത കാപ്പിയും കുടിച്ച് വരാന്തയിലിരിക്കുമ്പോള്‍ സാന്ദ്ര തുള്ളിമറിഞ്ഞെത്തും.
'ദേ പിള്ളേരെ.... എന്‍റെ  റഫ്ബുക്ക്‌ തീര്‍ന്നൂട്ടോ... നാളെ വാങ്ങണം... എനിക്ക് വാങ്ങുമ്പോള്‍ അപ്പു സമ്മതിക്കില്ല. രണ്ടെണ്ണം വാങ്ങാന്‍ നാല്‍പ്പതു രൂപ തരണം.....'
പറഞ്ഞു തീരുന്നതിനു മുന്‍പേ നീറു കടിച്ച മട്ടില്‍ തുള്ളി മറയും. പിറകെ അപ്പുവും.
അവള്‍ 'പിള്ളേരെ' എന്ന് വിളിച്ചത് വേറെ ആരെയും അല്ല ഡാഡിയെയും മമ്മിയെയും ആണ്. കുറച്ചു കഴിയുമ്പോള്‍ പിന്നെയും തുള്ളിമറിഞ്ഞെത്തും.
'കൊച്ചേ.... കൊച്ചിനെ ഡാന്‍സ് ടീച്ചര്‍ ഇന്ന് അന്വേഷിച്ചു. ഫീസ്‌ 300 രൂപ കൂടി കൊടുക്കാനുള്ളത് മറന്നോ എന്ന് ചോദിച്ചു... അതോണ്ട് നാളെ തന്നു വിടണം.... നാണം കെടാന്‍ വയ്യ....'
പിന്നേം നീറു കടിച്ചു പാഞ്ഞു പോകുന്നത് കാണാം. 'കൊച്ചേ' എന്ന് വിളിച്ചത് വല്ല്യ ഗൌരവക്കാരി മമ്മിയെ ആണ്.
അവള്‍ ആവശ്യങ്ങള്‍ പറയുമ്പോള്‍ അപ്പനും അമ്മയും ഗൌരവം വിടാതെ കാപ്പിയില്‍തന്നെ നോക്കി ഇരിക്കും. പോയി കഴിയുമ്പോള്‍ പരസ്പ്പരം നോക്കി കണ്ണിറുക്കി, അമര്‍ത്തി ചിരിക്കും.
'എന്താ കൊടുക്കാഞ്ഞത്‌..?' ഡാഡി പുരികമുയര്‍ത്തി തിരക്കും.
'മറന്നു... നാളെ കൊടുക്കാം...' മമ്മി പുരികം താഴ്ത്തി മറുപടി നല്‍കും.
'അപ്പോ മൊത്തം മുന്നൂറ്റിനാല്‍പ്പതേ........' അടുത്ത തവണ ഇളകി മറിഞ്ഞു കടന്നു പോകുന്നതിനിടയില്‍ വീണ്ടും ഓര്‍മ്മിപ്പിക്കും.
അവള്‍ കടന്നു പോയി കഴിയുമ്പോള്‍  ഇരുവരും ചിരിക്കാന്‍ തുടങ്ങിയിരിക്കും എന്നതാണ് സത്യം.
സാന്ദ്രയ്ക്കറിയാം, വേണ്ടകാര്യം വേണ്ട സമയത്ത് വേണ്ടത് പോലെ പറഞ്ഞാല്‍ ഈസിയായി നടത്തിയെടുക്കാമെന്ന്.
നമ്മുടെ ഒക്കെ കാലത്ത് ഇങ്ങനൊന്നും ആയിരുന്നില്ല. പേടിയോടെ ആണ് ചോദിക്കുക. സമയമോ അസമയമോ ഒന്നും നോക്കില്ല. കാലവും ദേശവും നോക്കില്ല.  മൂഡും മൂഡ്‌ഔട്ടും നോക്കാന്‍ അറിയില്ല. ചുമ്മാ അങ്ങ് ചോദിക്കും. കിട്ടാതെ വരും എന്നുറപ്പ്. ആദ്യം മുഖം കറുപ്പിച്ചു നോക്കും. പിന്നെ വെളുപ്പിച്ചു നോക്കും. 'കീറി' നോക്കും.പത്തൊമ്പതാമത്തെ അടവ് കഴിയുമ്പോള്‍ വേണ്ടെന്നു വയ്ക്കും. പുല്ല്...!
ഈ മാതിരി ട്രിക്കുകള്‍ ഒന്നുമില്ലാതെ, മാതാപിതാക്കളോട് നേരേവാ നേരേ പോ എന്നമട്ടില്‍ ഇടപെടുന്ന കുട്ടികള്‍ക്ക് കണ്ണീരും കയ്യുമാണ് അന്നും ഇന്നും തലവിധി.
ഇന്നത്തെ കാലത്ത് 'നേരാ വാ അല്‍പ്പം വളഞ്ഞുവളഞ്ഞു പോ' എന്നതാണ് വിജയിക്കാനുള്ള മാനദണ്ഡം..!
ഈ ട്രിക്ക് ഒക്കെ നേരത്തെ അറിയാമായിരുന്നെങ്കില്‍ നുമ്മ ഒക്കെ ആരായി തീര്‍ന്നേനെ...!!

Tuesday 5 January 2016

'തമാശല്ല... ഞാന്‍ സീരിയസ് ആണ്'

FB യില്‍ എന്ത് പോസ്റ്റിയാലും മറുപടിയായി വരുന്ന അഭിപ്രായങ്ങളില്‍ കൂടുതലും തമാശ രൂപേണയുള്ളതോ ഒരുളിക്ക് ഉപ്പേരി പോലെ ഉള്ളതോ എട്ടിന്‍റെ പണിയോ ആയിരിക്കും . ഇന്‍ബോക്സില്‍ ചാറ്റിനൊന്നും പോകാതെ ബലം പിടിച്ചിരിക്കുന്ന കുറെ ചേട്ടന്മാരും ചേച്ചിമാരും. ഇല്ലാത്ത ഗമ ഉണ്ടെന്നു നടിക്കുന്ന കുറെ ന്യൂജെന്‍ പിള്ളേരും. എല്ലാ ഗൌരവക്കാരും സുല്ലിടും.അല്ലെങ്കില്‍ ഇടീപ്പിക്കും....!!! ആരെന്തു സീരിയസ് ആയ വിഷയം പോസ്റ്റിയാലും 'ഇതൊക്കെ എന്ത്' എന്നമട്ടില്‍ കാര്യങ്ങളെ നിസാരമാക്കുന്ന സൌഹൃദവലയമാണ് ചുറ്റിനും.
പറഞ്ഞു സുല്ലടിക്കുമ്പോള്‍ ദേ ഈ ' tongue emoticon ' സ്മൈലിക്ക് തിരക്കോട് തിരക്ക്.
ഇപ്പോള്‍ പോസ്റ്റ്‌ ഇടുന്നതിന്റെ കൂടെ 'തമാശല്ല... ഞാന്‍ സീരിയസ് ആണ്' അല്ലെങ്കില്‍ 'ഇതാരും തമാശയായി എടുക്കരുതേ' എന്ന് കൂടി ചേര്‍ക്കേണ്ട ഗതികേട്...
grin emoticon
. എന്നിട്ടും ഫലം തഥൈവ.
" പ്ലിങ്ങലുകള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി...."
കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണെങ്കിലും ഒരു ശേലോക്കെ ഉണ്ടെന്നാണ് ന്‍റെ എളിയ അഭിപ്രായം. ന്താ....അങ്ങനെയല്ലേ?

Sunday 3 January 2016

"പ്ലാംമഞ്ഞള്‍" എന്ന് കേട്ടിട്ടുണ്ടോ....?

ഇന്നൊരു പ്ലാവിന്‍ മുത്തശിയുടെ അരുകില്‍ പോകാന്‍ കഴിഞ്ഞു. മുന്നൂറു വര്‍ഷം പഴക്കമുണ്ട് അതിനെന്നാണ് സമീപവാസിയായ പ്രായമുള്ള ഒരാള്‍ പറയുന്നത്. കാരണം അത്രയും പഴക്കമുള്ള പ്ലാവുകളിലെ "പ്ലാംമഞ്ഞള്‍" ഉണ്ടാകുകയുള്ളൂ എന്നാണു അദ്ദേഹത്തിന്‍റെ അഭിപ്രായം. ആദ്യമായി കേള്‍ക്കുന്നത് കൊണ്ട് അത്രയ്ക്കങ്ങട് വിശ്വസിച്ചില്ല എന്നതാണ് സത്യം. ഇതിനെപ്പറ്റി അറിവുള്ളവര്‍ ഉണ്ടോ...? കാരണം അത്രയധികം ഔഷധഗുണം ഉള്ള ഒന്നാണത്രേ ഈ പ്ലാം മഞ്ഞള്‍.

Saturday 2 January 2016

യോജിച്ചാലും ഇല്ലെങ്കിലും

പറയും. ഇനിയും പറയും. തെളിച്ചു തന്നെ പറയും. ഒരു സ്ത്രീക്ക് തലയുയര്‍ത്തിപ്പിടിച്ച് ഒറ്റയ്ക്കോ, മറ്റൊരു സ്ത്രീയോടൊപ്പമോ, അവളുടെ അച്ഛന്റെയോ, സഹോദരന്റെയോ, ഭര്‍ത്താവിന്റെയോ മക്കളുടെയോ കൂടെയോ തന്‍റെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഏതു സമയത്തും ഏതു നിരത്തിലും നടന്നു പോകുന്നതിനോ യാത്ര ചെയ്യുന്നതിനോ ഒരു ചുംബനസമരത്തിന്‍റെയും ആവശ്യമില്ല. പൊതു സമൂഹത്തിനു വിവരവും ,വിദ്യാഭ്യാസവും, സാമൂഹ്യബോധവും ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമാണ് അതിനുള്ള പോംവഴി. ആയിരം ചുംബന സമരങ്ങള്‍ നടത്തിയാലും ഒരു സ്ത്രീയും സുരക്ഷിതയാകില്ല എന്നത് പരമസത്യം. 'ആണ്‍' സുഹൃത്തിനൊപ്പവും കാമുകനൊപ്പവും 'മാമ'നൊപ്പവും പുറത്തിറങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഇത്തരം സമരങ്ങള്‍ ഗുണം ചെയ്യാതിരിക്കില്ല.

Friday 1 January 2016

മണ്ണാങ്കട്ടയും കരിയിലയും.

'മണ്ണാങ്കട്ടയും കരിയിലയും കൂടി ഒരിക്കല്‍ കാശിക്കു പോയി......'
ചെറുപ്പകാലത്ത് കേട്ട ഈ ഗുണപാഠകഥ തുടങ്ങുന്നത് ഇങ്ങനെയായിരുന്നു. യാത്രയ്ക്കിടയില്‍ മഴ വന്നപ്പോള്‍ മണ്ണാങ്കട്ട അലിഞ്ഞു പോകാതെ കരിയില അതിന്‍റെ പുറത്ത് കയറിയിരുന്നും കാറ്റ് വന്നപ്പോള്‍ കരിയില പറന്നു പോകാതെ മണ്ണാങ്കട്ട കരിയിലയുടെ പുറത്ത് കയറിയിരുന്നും പരസ്പ്പരം സംരക്ഷിച്ചു. സുഹൃത്ത്ബന്ധങ്ങളില്‍ പ്രത്യേകിച്ച് ദാമ്പത്യബന്ധങ്ങളില്‍ ഏറെ ഗുണപാഠം നിറഞ്ഞ ഒരു അതിമനോഹരകഥ. ഒരുപക്ഷെ ആരാവും ഇതാദ്യം പറഞ്ഞിട്ടുണ്ടാവുക...? മലയാള സാഹിത്യ തറവാട്ടില്‍ ഇന്നും ഒളിമങ്ങാതെ നില്‍ക്കുന്ന ഒട്ടനവധി ഗുണപാഠകഥകളില്‍ ഒന്ന്.
ഇത്തരം കഥകള്‍ പറഞ്ഞു വച്ച മഹാ സാഹിത്യകാരന്മാര്‍ക്ക് മുന്‍പില്‍ ശിരസ്സ്‌ നമിക്കുന്നു. ഒപ്പം നല്ല സുഹൃത്ത്ബന്ധങ്ങളും ദാമ്പത്യബന്ധങ്ങളും കാത്തു സൂക്ഷിക്കുന്നവര്‍ക്കായി പുതുവത്സരാശംസകളും നേരട്ടെ. ഹാപ്പി 2016..!!

Tuesday 29 December 2015

'താരെ സമീന്‍ പര്‍' (taare-zameen-par)

എനിക്കുള്ള ഒരുകൂട്ടം കസിന്‍സ് ചെക്കന്മാരില്‍ ഒരുവന്‍ പഠിക്കാന്‍ തീരെ മടിയനായിരുന്നു. എന്നോലോ പ്രായോഗികമായി  കാണിക്കുന്ന ബുദ്ധിയും വായില്‍ നിന്നു വരുന്ന തിയറിയും ഞങ്ങളെ എല്ലാം വെല്ലുന്നതായിരുന്നു.   എടാ 'മണ്ടന്‍ കൊണാപ്പാ' എന്ന് വിളിക്കാന്‍ പലപ്പോഴും വിചാരിക്കുമെങ്കിലും പലസമയങ്ങളിലും  അങ്ങോര്‍ കാഴ്ച വച്ചിട്ടുള്ള അനിതര സാധാരണമായ ബുദ്ധിവൈഭവം അതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചിരുന്നു. സ്കൂള്‍ പരീക്ഷകളില്‍ വല്ലാതെ മാര്‍ക്ക് കുറഞ്ഞപ്പോള്‍ അങ്ങോരുടെ പിതാവ് അവനെ എന്‍റെ ചേച്ചിയുടെ അടുത്ത് കൊണ്ടുവിട്ടിട്ട് പറഞ്ഞു.
'അടുത്ത വര്‍ഷം പത്തിലാ... ഇങ്ങനെ പോയാല്‍ ശരിയാവില്ല. സയന്‍സിനാണെങ്കില്‍ തീരെ മാര്‍ക്കില്ല. നീ ഒന്ന് പഠിപ്പിച്ചെടുക്കണം. സയന്‍സ് മാത്രം മതി. നോക്കട്ടെ ട്യുഷന്‍റെ കുറവാണോന്ന്...'
അങ്ങനെ ക്രിസ്തുമസ് പരീക്ഷയ്ക്ക്  സയന്‍സ് മാത്രം അവനെ നല്ല പോലെ പഠിപ്പിച്ചു. നല്ല മണിമണിയായി ഉത്തരങ്ങള്‍ പറഞ്ഞു പഠിച്ച് അനുഗ്രഹം വാങ്ങി ആശാന്‍ പുറപ്പെട്ടു.  പരീക്ഷ എഴുതി. അവധി കഴിഞ്ഞു. പരീക്ഷ പേപ്പര്‍ കിട്ടി. മാര്‍ക്ക് അന്‍പതില്‍ പൂജ്യം.
'അഞ്ചോ ആറോ മാര്‍ക്ക് ഒക്കെ കിട്ടിയിരുന്നതാ... ഇതിപ്പോ ഉള്ളതും കൂടി ഇല്ലെന്നായി.' അവന്‍റെ അച്ഛന്‍ വീട്ടില്‍ വന്നു പറഞ്ഞ് സങ്കടപ്പെട്ടു. ഒരുപാട്  പരിതപിച്ചു.
കുറച്ചു കഴിഞ്ഞു ന്യൂസ്‌പിടിക്കാന്‍ അവനും പുറകെ കള്ളനെപോലെ എത്തി. ചേച്ചി അവനെ എടിത്തിട്ടു വഴക്ക് പറഞ്ഞു.
'നാണം കെടുത്തിയല്ലോടാ നാറീ.......അന്‍പതില്‍ ഇരുപതു മാര്‍ക്ക് വാങ്ങിയിരുന്നെങ്കില്‍ ഞാന്‍ കഷ്ടപെട്ടതിനു ഒരു ഫലം ഉണ്ടായേനെ....' ചേച്ചിയും ശരിക്കും സങ്കടപ്പെട്ടു. അവന്‍ പാവത്തെപ്പോലെ ഒന്നും മിണ്ടാതെ നിന്നു.
'എല്ലാം നല്ല പോലെ നീ പഠിച്ചതല്ലേ ...എന്നിട്ടെന്തു പറ്റി...?'
സങ്കടം അല്‍പ്പമൊന്നു കുറഞ്ഞപ്പോള്‍ ചേച്ചി അവനോടു ചോദിച്ചു.
'അത് ചേച്ചീ... അന്‍പതില്‍ നാല്പ്പത്തിയേഴെണ്ണത്തിന്‍റെ  ഉത്തരം എനിക്ക് നല്ലപോലെ അറിയാമായിരുന്നു.... ബാക്കിയുള്ള മൂന്നെണ്ണം...!! ആ മൂന്നെണ്ണത്തിന്‍റെ ഉത്തരമല്ലേ എഴുതാന്‍ നമ്മള്‍ പരിശ്രമിക്കേണ്ടത്..? അറിയാവുന്നതിന്‍റെ ഉത്തരമെഴുതി വെറുതെ സമയം കളയണ്ട കാര്യമുണ്ടോ...? അതെനിക്കറിയാം എന്ന് എനിക്കറിയാമല്ലോ..!!!! നമ്മളെന്തിനാ വെറുതെ മറ്റുള്ളവരെ ബോധിപ്പിക്കുന്നത്‌.  :p  :D  പിന്നെ ആ മൂന്നെണ്ണം.. കഷ്ടകാലത്തിന് അത് മൂന്നും തെറ്റിപ്പോയി. അതാ സംഭവിച്ചത്....' അവനും തിയറി അടിച്ച് കുറെ പരിതപിച്ചു.
2007-ൽ പുറത്തിറങ്ങിയ  'താരെ സമീന്‍ പര്‍' എന്ന അമീര്‍ഖാന്‍ ചിത്രം കണ്ടപ്പോള്‍ മുഴുവന്‍ സമയവും ഞാന്‍ അവനെയാണ്‌ ഓര്‍ത്തത്. അല്‍പ്പമൊന്നു നേര്‍വഴിക്കു നയിക്കാന്‍ സമയവും താല്‍പ്പര്യവും പ്രാപ്തിയുമില്ലാത്ത മാതാപിതാക്കളാലും  അധ്യാപകരാലും എത്രയോ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു ഒന്നുമല്ലാതായി പോകുന്നു. :(