Showing posts with label ഇഷ്ടമായവ. Show all posts
Showing posts with label ഇഷ്ടമായവ. Show all posts

Wednesday, 6 January 2016

'നേരാ വാ അല്‍പ്പം വളഞ്ഞുവളഞ്ഞു പോ'

എന്‍റെ സുഹൃത്തിന്‍റെ മോളാണ് സാന്ദ്ര. 5th ല്‍പഠിക്കുന്നു. മെലിഞ്ഞുണങ്ങിയ ഒരു കാ‍ന്താരി. അവളുടെ ഡാഡിയും മമ്മിയും സര്‍ക്കാര്‍ ജോലിക്കാരാണ്. രണ്ടു പേരും മുന്തിയ ഗൌരവക്കാര്‍. വീട്ടിലാണെങ്കില്‍ സന്ദ്രയോടും ഇളയവന്‍ അപ്പുവിനോടും രണ്ടു പേര്‍ക്കും വല്ല്യ മിണ്ടാട്ടമില്ല. 'ഗൌരവം' കുറയരുതല്ലോ. രണ്ടു പേരും ഉള്ള സ്നേഹം ഉള്ളിലൊതുക്കി കടിച്ചുപിടിച്ചങ്ങു നടക്കും.
'സാന്ദ്ര...അപ്പൂ... ഗോ ആന്‍ഡ് ഗെറ്റ് റെഡി.....' രാവിലെ മമ്മിയുടെ ആദ്യ സംഭാഷണ ശകലം.
'ദേ ദോശ....' രാവിലെ കാപ്പി ഉണ്ടാക്കിക്കഴിഞ്ഞു സാന്ദ്രയുടെ മമ്മി ഒരു തവണ വിളിച്ചു പറയും. വേണെങ്കില്‍ വന്നു കഴിച്ചോണം. അല്ലപിന്നെ.
'ദേ സ്കൂള്‍വാന്‍....' ബാഗെടുത്തു കൊടുക്കുന്നതിനിടയില്‍ ഒരു തവണ പറയും. അത്രയൊക്കെയേ ഉള്ളൂ കമ്മ്യുണിക്കേഷന്‍.
'ഞാനിറങ്ങുന്നു...' ഡാഡിയുടെ വകയായുള്ള വചനം. തീര്‍ന്നു. അങ്ങേരു രാവിലെ ആകെ പറയുന്ന ഒരു വാചകം  ഇതാണ്.
     പക്ഷെ സാന്ദ്ര നേരെ തിരിച്ചാണ്. ഗൌരവക്കാരായ ഡാഡിയേയും മമ്മിയേയുംഎങ്ങനെ കൈകാര്യം ചെയ്യണം എന്നവള്‍ക്കറിയാം. വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ പുറകില്‍ നീറു കടിച്ചിരിക്കുന്നതുപോലെ തുള്ളിമറിഞ്ഞു അവള്‍ കളിച്ചു നടക്കും. ഫുള്‍ടൈം ആക്റ്റിവ് ആണ് പുള്ളിക്കാരി. പുറകെ വാലിനു തീ പിടിച്ചപോലെ അലമ്പിന്‍റെ രാജാവ് അപ്പുവും ഉണ്ടാകും.
ഡാഡിയും മമ്മിയും ജോലി കഴിഞ്ഞു വീട്ടിലെത്തി, വേലക്കാരി ഉണ്ടാക്കി കൊടുത്ത കാപ്പിയും കുടിച്ച് വരാന്തയിലിരിക്കുമ്പോള്‍ സാന്ദ്ര തുള്ളിമറിഞ്ഞെത്തും.
'ദേ പിള്ളേരെ.... എന്‍റെ  റഫ്ബുക്ക്‌ തീര്‍ന്നൂട്ടോ... നാളെ വാങ്ങണം... എനിക്ക് വാങ്ങുമ്പോള്‍ അപ്പു സമ്മതിക്കില്ല. രണ്ടെണ്ണം വാങ്ങാന്‍ നാല്‍പ്പതു രൂപ തരണം.....'
പറഞ്ഞു തീരുന്നതിനു മുന്‍പേ നീറു കടിച്ച മട്ടില്‍ തുള്ളി മറയും. പിറകെ അപ്പുവും.
അവള്‍ 'പിള്ളേരെ' എന്ന് വിളിച്ചത് വേറെ ആരെയും അല്ല ഡാഡിയെയും മമ്മിയെയും ആണ്. കുറച്ചു കഴിയുമ്പോള്‍ പിന്നെയും തുള്ളിമറിഞ്ഞെത്തും.
'കൊച്ചേ.... കൊച്ചിനെ ഡാന്‍സ് ടീച്ചര്‍ ഇന്ന് അന്വേഷിച്ചു. ഫീസ്‌ 300 രൂപ കൂടി കൊടുക്കാനുള്ളത് മറന്നോ എന്ന് ചോദിച്ചു... അതോണ്ട് നാളെ തന്നു വിടണം.... നാണം കെടാന്‍ വയ്യ....'
പിന്നേം നീറു കടിച്ചു പാഞ്ഞു പോകുന്നത് കാണാം. 'കൊച്ചേ' എന്ന് വിളിച്ചത് വല്ല്യ ഗൌരവക്കാരി മമ്മിയെ ആണ്.
അവള്‍ ആവശ്യങ്ങള്‍ പറയുമ്പോള്‍ അപ്പനും അമ്മയും ഗൌരവം വിടാതെ കാപ്പിയില്‍തന്നെ നോക്കി ഇരിക്കും. പോയി കഴിയുമ്പോള്‍ പരസ്പ്പരം നോക്കി കണ്ണിറുക്കി, അമര്‍ത്തി ചിരിക്കും.
'എന്താ കൊടുക്കാഞ്ഞത്‌..?' ഡാഡി പുരികമുയര്‍ത്തി തിരക്കും.
'മറന്നു... നാളെ കൊടുക്കാം...' മമ്മി പുരികം താഴ്ത്തി മറുപടി നല്‍കും.
'അപ്പോ മൊത്തം മുന്നൂറ്റിനാല്‍പ്പതേ........' അടുത്ത തവണ ഇളകി മറിഞ്ഞു കടന്നു പോകുന്നതിനിടയില്‍ വീണ്ടും ഓര്‍മ്മിപ്പിക്കും.
അവള്‍ കടന്നു പോയി കഴിയുമ്പോള്‍  ഇരുവരും ചിരിക്കാന്‍ തുടങ്ങിയിരിക്കും എന്നതാണ് സത്യം.
സാന്ദ്രയ്ക്കറിയാം, വേണ്ടകാര്യം വേണ്ട സമയത്ത് വേണ്ടത് പോലെ പറഞ്ഞാല്‍ ഈസിയായി നടത്തിയെടുക്കാമെന്ന്.
നമ്മുടെ ഒക്കെ കാലത്ത് ഇങ്ങനൊന്നും ആയിരുന്നില്ല. പേടിയോടെ ആണ് ചോദിക്കുക. സമയമോ അസമയമോ ഒന്നും നോക്കില്ല. കാലവും ദേശവും നോക്കില്ല.  മൂഡും മൂഡ്‌ഔട്ടും നോക്കാന്‍ അറിയില്ല. ചുമ്മാ അങ്ങ് ചോദിക്കും. കിട്ടാതെ വരും എന്നുറപ്പ്. ആദ്യം മുഖം കറുപ്പിച്ചു നോക്കും. പിന്നെ വെളുപ്പിച്ചു നോക്കും. 'കീറി' നോക്കും.പത്തൊമ്പതാമത്തെ അടവ് കഴിയുമ്പോള്‍ വേണ്ടെന്നു വയ്ക്കും. പുല്ല്...!
ഈ മാതിരി ട്രിക്കുകള്‍ ഒന്നുമില്ലാതെ, മാതാപിതാക്കളോട് നേരേവാ നേരേ പോ എന്നമട്ടില്‍ ഇടപെടുന്ന കുട്ടികള്‍ക്ക് കണ്ണീരും കയ്യുമാണ് അന്നും ഇന്നും തലവിധി.
ഇന്നത്തെ കാലത്ത് 'നേരാ വാ അല്‍പ്പം വളഞ്ഞുവളഞ്ഞു പോ' എന്നതാണ് വിജയിക്കാനുള്ള മാനദണ്ഡം..!
ഈ ട്രിക്ക് ഒക്കെ നേരത്തെ അറിയാമായിരുന്നെങ്കില്‍ നുമ്മ ഒക്കെ ആരായി തീര്‍ന്നേനെ...!!

Tuesday, 29 December 2015

'താരെ സമീന്‍ പര്‍' (taare-zameen-par)

എനിക്കുള്ള ഒരുകൂട്ടം കസിന്‍സ് ചെക്കന്മാരില്‍ ഒരുവന്‍ പഠിക്കാന്‍ തീരെ മടിയനായിരുന്നു. എന്നോലോ പ്രായോഗികമായി  കാണിക്കുന്ന ബുദ്ധിയും വായില്‍ നിന്നു വരുന്ന തിയറിയും ഞങ്ങളെ എല്ലാം വെല്ലുന്നതായിരുന്നു.   എടാ 'മണ്ടന്‍ കൊണാപ്പാ' എന്ന് വിളിക്കാന്‍ പലപ്പോഴും വിചാരിക്കുമെങ്കിലും പലസമയങ്ങളിലും  അങ്ങോര്‍ കാഴ്ച വച്ചിട്ടുള്ള അനിതര സാധാരണമായ ബുദ്ധിവൈഭവം അതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചിരുന്നു. സ്കൂള്‍ പരീക്ഷകളില്‍ വല്ലാതെ മാര്‍ക്ക് കുറഞ്ഞപ്പോള്‍ അങ്ങോരുടെ പിതാവ് അവനെ എന്‍റെ ചേച്ചിയുടെ അടുത്ത് കൊണ്ടുവിട്ടിട്ട് പറഞ്ഞു.
'അടുത്ത വര്‍ഷം പത്തിലാ... ഇങ്ങനെ പോയാല്‍ ശരിയാവില്ല. സയന്‍സിനാണെങ്കില്‍ തീരെ മാര്‍ക്കില്ല. നീ ഒന്ന് പഠിപ്പിച്ചെടുക്കണം. സയന്‍സ് മാത്രം മതി. നോക്കട്ടെ ട്യുഷന്‍റെ കുറവാണോന്ന്...'
അങ്ങനെ ക്രിസ്തുമസ് പരീക്ഷയ്ക്ക്  സയന്‍സ് മാത്രം അവനെ നല്ല പോലെ പഠിപ്പിച്ചു. നല്ല മണിമണിയായി ഉത്തരങ്ങള്‍ പറഞ്ഞു പഠിച്ച് അനുഗ്രഹം വാങ്ങി ആശാന്‍ പുറപ്പെട്ടു.  പരീക്ഷ എഴുതി. അവധി കഴിഞ്ഞു. പരീക്ഷ പേപ്പര്‍ കിട്ടി. മാര്‍ക്ക് അന്‍പതില്‍ പൂജ്യം.
'അഞ്ചോ ആറോ മാര്‍ക്ക് ഒക്കെ കിട്ടിയിരുന്നതാ... ഇതിപ്പോ ഉള്ളതും കൂടി ഇല്ലെന്നായി.' അവന്‍റെ അച്ഛന്‍ വീട്ടില്‍ വന്നു പറഞ്ഞ് സങ്കടപ്പെട്ടു. ഒരുപാട്  പരിതപിച്ചു.
കുറച്ചു കഴിഞ്ഞു ന്യൂസ്‌പിടിക്കാന്‍ അവനും പുറകെ കള്ളനെപോലെ എത്തി. ചേച്ചി അവനെ എടിത്തിട്ടു വഴക്ക് പറഞ്ഞു.
'നാണം കെടുത്തിയല്ലോടാ നാറീ.......അന്‍പതില്‍ ഇരുപതു മാര്‍ക്ക് വാങ്ങിയിരുന്നെങ്കില്‍ ഞാന്‍ കഷ്ടപെട്ടതിനു ഒരു ഫലം ഉണ്ടായേനെ....' ചേച്ചിയും ശരിക്കും സങ്കടപ്പെട്ടു. അവന്‍ പാവത്തെപ്പോലെ ഒന്നും മിണ്ടാതെ നിന്നു.
'എല്ലാം നല്ല പോലെ നീ പഠിച്ചതല്ലേ ...എന്നിട്ടെന്തു പറ്റി...?'
സങ്കടം അല്‍പ്പമൊന്നു കുറഞ്ഞപ്പോള്‍ ചേച്ചി അവനോടു ചോദിച്ചു.
'അത് ചേച്ചീ... അന്‍പതില്‍ നാല്പ്പത്തിയേഴെണ്ണത്തിന്‍റെ  ഉത്തരം എനിക്ക് നല്ലപോലെ അറിയാമായിരുന്നു.... ബാക്കിയുള്ള മൂന്നെണ്ണം...!! ആ മൂന്നെണ്ണത്തിന്‍റെ ഉത്തരമല്ലേ എഴുതാന്‍ നമ്മള്‍ പരിശ്രമിക്കേണ്ടത്..? അറിയാവുന്നതിന്‍റെ ഉത്തരമെഴുതി വെറുതെ സമയം കളയണ്ട കാര്യമുണ്ടോ...? അതെനിക്കറിയാം എന്ന് എനിക്കറിയാമല്ലോ..!!!! നമ്മളെന്തിനാ വെറുതെ മറ്റുള്ളവരെ ബോധിപ്പിക്കുന്നത്‌.  :p  :D  പിന്നെ ആ മൂന്നെണ്ണം.. കഷ്ടകാലത്തിന് അത് മൂന്നും തെറ്റിപ്പോയി. അതാ സംഭവിച്ചത്....' അവനും തിയറി അടിച്ച് കുറെ പരിതപിച്ചു.
2007-ൽ പുറത്തിറങ്ങിയ  'താരെ സമീന്‍ പര്‍' എന്ന അമീര്‍ഖാന്‍ ചിത്രം കണ്ടപ്പോള്‍ മുഴുവന്‍ സമയവും ഞാന്‍ അവനെയാണ്‌ ഓര്‍ത്തത്. അല്‍പ്പമൊന്നു നേര്‍വഴിക്കു നയിക്കാന്‍ സമയവും താല്‍പ്പര്യവും പ്രാപ്തിയുമില്ലാത്ത മാതാപിതാക്കളാലും  അധ്യാപകരാലും എത്രയോ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു ഒന്നുമല്ലാതായി പോകുന്നു. :(

Wednesday, 23 December 2015

പച്ച മൂര്‍ഖന്‍...?

ഫണം വിടര്‍ത്തി നില്‍ക്കുന്ന ഈ കുട്ടിക്കുറുമ്പനെ കാണുന്നതാദ്യം. ഏതാണ് ഇനം എന്നറിയില്ല. എന്നാല്‍ അത്ര മോശക്കാരന്‍ അല്ലാന്നു തോന്നുന്നു. ഇവന്റെ പച്ച നിറമാണ് ഏറ്റവും വലിയ പ്രത്യേകത