Tuesday 29 December 2015

'താരെ സമീന്‍ പര്‍' (taare-zameen-par)

എനിക്കുള്ള ഒരുകൂട്ടം കസിന്‍സ് ചെക്കന്മാരില്‍ ഒരുവന്‍ പഠിക്കാന്‍ തീരെ മടിയനായിരുന്നു. എന്നോലോ പ്രായോഗികമായി  കാണിക്കുന്ന ബുദ്ധിയും വായില്‍ നിന്നു വരുന്ന തിയറിയും ഞങ്ങളെ എല്ലാം വെല്ലുന്നതായിരുന്നു.   എടാ 'മണ്ടന്‍ കൊണാപ്പാ' എന്ന് വിളിക്കാന്‍ പലപ്പോഴും വിചാരിക്കുമെങ്കിലും പലസമയങ്ങളിലും  അങ്ങോര്‍ കാഴ്ച വച്ചിട്ടുള്ള അനിതര സാധാരണമായ ബുദ്ധിവൈഭവം അതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചിരുന്നു. സ്കൂള്‍ പരീക്ഷകളില്‍ വല്ലാതെ മാര്‍ക്ക് കുറഞ്ഞപ്പോള്‍ അങ്ങോരുടെ പിതാവ് അവനെ എന്‍റെ ചേച്ചിയുടെ അടുത്ത് കൊണ്ടുവിട്ടിട്ട് പറഞ്ഞു.
'അടുത്ത വര്‍ഷം പത്തിലാ... ഇങ്ങനെ പോയാല്‍ ശരിയാവില്ല. സയന്‍സിനാണെങ്കില്‍ തീരെ മാര്‍ക്കില്ല. നീ ഒന്ന് പഠിപ്പിച്ചെടുക്കണം. സയന്‍സ് മാത്രം മതി. നോക്കട്ടെ ട്യുഷന്‍റെ കുറവാണോന്ന്...'
അങ്ങനെ ക്രിസ്തുമസ് പരീക്ഷയ്ക്ക്  സയന്‍സ് മാത്രം അവനെ നല്ല പോലെ പഠിപ്പിച്ചു. നല്ല മണിമണിയായി ഉത്തരങ്ങള്‍ പറഞ്ഞു പഠിച്ച് അനുഗ്രഹം വാങ്ങി ആശാന്‍ പുറപ്പെട്ടു.  പരീക്ഷ എഴുതി. അവധി കഴിഞ്ഞു. പരീക്ഷ പേപ്പര്‍ കിട്ടി. മാര്‍ക്ക് അന്‍പതില്‍ പൂജ്യം.
'അഞ്ചോ ആറോ മാര്‍ക്ക് ഒക്കെ കിട്ടിയിരുന്നതാ... ഇതിപ്പോ ഉള്ളതും കൂടി ഇല്ലെന്നായി.' അവന്‍റെ അച്ഛന്‍ വീട്ടില്‍ വന്നു പറഞ്ഞ് സങ്കടപ്പെട്ടു. ഒരുപാട്  പരിതപിച്ചു.
കുറച്ചു കഴിഞ്ഞു ന്യൂസ്‌പിടിക്കാന്‍ അവനും പുറകെ കള്ളനെപോലെ എത്തി. ചേച്ചി അവനെ എടിത്തിട്ടു വഴക്ക് പറഞ്ഞു.
'നാണം കെടുത്തിയല്ലോടാ നാറീ.......അന്‍പതില്‍ ഇരുപതു മാര്‍ക്ക് വാങ്ങിയിരുന്നെങ്കില്‍ ഞാന്‍ കഷ്ടപെട്ടതിനു ഒരു ഫലം ഉണ്ടായേനെ....' ചേച്ചിയും ശരിക്കും സങ്കടപ്പെട്ടു. അവന്‍ പാവത്തെപ്പോലെ ഒന്നും മിണ്ടാതെ നിന്നു.
'എല്ലാം നല്ല പോലെ നീ പഠിച്ചതല്ലേ ...എന്നിട്ടെന്തു പറ്റി...?'
സങ്കടം അല്‍പ്പമൊന്നു കുറഞ്ഞപ്പോള്‍ ചേച്ചി അവനോടു ചോദിച്ചു.
'അത് ചേച്ചീ... അന്‍പതില്‍ നാല്പ്പത്തിയേഴെണ്ണത്തിന്‍റെ  ഉത്തരം എനിക്ക് നല്ലപോലെ അറിയാമായിരുന്നു.... ബാക്കിയുള്ള മൂന്നെണ്ണം...!! ആ മൂന്നെണ്ണത്തിന്‍റെ ഉത്തരമല്ലേ എഴുതാന്‍ നമ്മള്‍ പരിശ്രമിക്കേണ്ടത്..? അറിയാവുന്നതിന്‍റെ ഉത്തരമെഴുതി വെറുതെ സമയം കളയണ്ട കാര്യമുണ്ടോ...? അതെനിക്കറിയാം എന്ന് എനിക്കറിയാമല്ലോ..!!!! നമ്മളെന്തിനാ വെറുതെ മറ്റുള്ളവരെ ബോധിപ്പിക്കുന്നത്‌.  :p  :D  പിന്നെ ആ മൂന്നെണ്ണം.. കഷ്ടകാലത്തിന് അത് മൂന്നും തെറ്റിപ്പോയി. അതാ സംഭവിച്ചത്....' അവനും തിയറി അടിച്ച് കുറെ പരിതപിച്ചു.
2007-ൽ പുറത്തിറങ്ങിയ  'താരെ സമീന്‍ പര്‍' എന്ന അമീര്‍ഖാന്‍ ചിത്രം കണ്ടപ്പോള്‍ മുഴുവന്‍ സമയവും ഞാന്‍ അവനെയാണ്‌ ഓര്‍ത്തത്. അല്‍പ്പമൊന്നു നേര്‍വഴിക്കു നയിക്കാന്‍ സമയവും താല്‍പ്പര്യവും പ്രാപ്തിയുമില്ലാത്ത മാതാപിതാക്കളാലും  അധ്യാപകരാലും എത്രയോ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു ഒന്നുമല്ലാതായി പോകുന്നു. :(

Sunday 27 December 2015

ചിന്തപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ചിലത് മനസ്സിലാക്കി വയ്ക്കുന്നത് നല്ലതാണ്.പലരും പലതും പറയും. യാഥാര്‍ത്ഥ്യം അതൊന്നുമല്ല എന്നാണെനിക്കു തോന്നിയിട്ടുള്ളത്. ആത്മാര്‍ഥമായ- സത്യസന്ധമായ സ്നേഹം അല്ലെങ്കില്‍ പ്രേമം ഇതൊക്കെ ഉണ്ട് എന്ന് വെറുതെ പറയുന്നതാണ്. അത് കൊണ്ട് തന്നെയാണ് അതിത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നതും. കാമുകന്മാരും കാമുകിമാരും കവികളും എഴുത്തുകാരും സിനിമാക്കാരും പ്രേമത്തെപ്പറ്റി ആവോളം സംസാരിക്കുന്നു. പുകഴ്ത്തുന്നു. പ്രോത്സാഹിപ്പിക്കുന്നു. കാരണം ആ സംഗതി നേരും നെറിയോടെയും വളരെ വിരളമായേ കാണാന്‍ കഴിയൂ എന്നത് സത്യം.അത് പോലെ തന്നെയാണ് മതേതരത്വം. ഇന്ന് അത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് തന്നെ അതാരുടെയും മനസ്സുകളില്‍ ഇല്ലാത്തതിനാലാണ്. മതേതരമുഖങ്ങള്‍ പലതും ഇടയ്ക്ക് ഓര്‍ക്കാപ്പുറത്ത് ചിന്തപ്പെടുന്നത് അതുകൊണ്ട് കൂടിയാണ്. 

Thursday 24 December 2015

ഒറ്റപ്പെട്ടവര്‍

ടാര്‍ റോഡില്‍ ഒരു ചെറിയ കുഴി കണ്ടാല്‍ ഉടനെ പരിതപിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഒരിക്കലും ടാര്‍ റോഡില്‍ ചവിട്ടാതെ ജീവിച്ചു പോകുന്നവര്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസ്സിക്കുമോ...? പലയിടങ്ങളിലും ഉണ്ട് എന്നതാണ് സത്യം. ഇന്നലെ നടന്നു പോയ ഒരു വഴിയാണ്. ഒരു മലമുകളിലേക്ക്. അറുപതോളം കുടുംബങ്ങള്‍ അവിടെ താമസിക്കുന്നു. നിര്‍ധനരായി. നിരാലംബരായി. പ്ലാസ്ടിക് മറച്ച കുടിലുകളില്‍. ഒരു സംവിധാനവും തിരിഞ്ഞു നോക്കാനില്ല. ഒരാള്‍ അത്യാസന്ന നിലയിലായാല്‍ താഴെ എത്തിക്കുക എന്നത് ശ്രമകരം.

Wednesday 23 December 2015

പുതുമയുള്ള അഭിസംബോധന

ഇന്‍ബോക്സില്‍ ആള് വന്നു പോകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ചുമ്മാ തുറന്നു കിടക്കുന്നത് കൊണ്ട് ആര്‍ക്കും അനുവാദത്തിന്‍റെ ആവശ്യമില്ലല്ലോ. എന്നാല്‍ അഭിസംബോധന ചെയ്യുന്ന കാര്യത്തില്‍ ചില പുതുമകള്‍ ഒക്കെ ഉണ്ടാകാറുണ്ട്. ഹായ്...ഹലോ...ചേട്ടാ...ചേച്ചീ... സുഖാണോ... എന്നൊക്കെ പലരും വന്നു ചോദിക്കുന്നത് പതിവ് രീതികള്‍. വല്ലോപ്പോഴുമൊക്കെ കാണാറുള്ള ഒരു പ്രത്യേകതരം അഭിസംബോധന ഉണ്ട്.... fb യില്‍ മാത്രം കാണാറുള്ള ഒന്ന്.
" koiiiii " അല്ലെങ്കില്‍
" kooooi " എന്നതാണത്.
ഇങ്ങനെ ഒരു അഭിസംബോധന കണ്ടാല്‍ എന്താണ് മനസ്സിലാക്കേണ്ടത്...? ബംഗ്ലൂരില്‍ പഠിക്കുന്നതോ ജോലി ഉള്ളതോ ആയ ഏതോ ഒരു പെങ്കൊച്ച് ഇന്‍ബോക്സില്‍ കടന്നു വന്നിരിക്കുന്നു എന്ന് തന്നെ.

പച്ച മൂര്‍ഖന്‍...?

ഫണം വിടര്‍ത്തി നില്‍ക്കുന്ന ഈ കുട്ടിക്കുറുമ്പനെ കാണുന്നതാദ്യം. ഏതാണ് ഇനം എന്നറിയില്ല. എന്നാല്‍ അത്ര മോശക്കാരന്‍ അല്ലാന്നു തോന്നുന്നു. ഇവന്റെ പച്ച നിറമാണ് ഏറ്റവും വലിയ പ്രത്യേകത

Tuesday 22 December 2015

മിഴിയഴക്‌ മത്സരത്തിനെത്തിയ കോങ്കണ്ണി.

കോങ്കണ്ണിക്ക് 'കമലാക്ഷി' എന്ന് പേരിട്ടതുപോലെ ആയി 'മനുഷ' സംഗമത്തിന്‍റെ കാര്യം.
സത്യസന്ധമായ കാഴ്ചപ്പാടുകള്‍, ഉന്നതമായ ചിന്താഗതികള്‍, ശ്രേഷ്ടമായ പൊതുപ്രവര്‍ത്തന രീതികള്‍, അനുകരണീയമായ മാതൃകാ ജിവിതം, അണുവിട മാറത്ത ദേശീയ ബോധം, ജനാധിപത്യ മൂല്യങ്ങളില്‍ ഉള്ള അടിയുറച്ച വിശ്വാസം, എല്ലാത്തിലുമുപരി ഉള്ളിതട്ടിയുള്ള മാനുഷിക പരിഗണന, സഹജീവികളോടുള്ള കരുണ ഇതൊക്കെയാണ് ഇത്തരം പരിപാടികള്‍ക്ക് പങ്കെടുക്കുന്നവര്‍ക്കു വേണ്ട മിനിമം യോഗ്യതകള്‍.
കാരണം നാളകളിലെ മാറ്റമാണല്ലോ ആത്യന്തിക ലക്ഷ്യം.
അതിനിറങ്ങി പുറപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ചില യോഗ്യതകള്‍ ഉണ്ടായിരിക്കണം.
(ഇതൊന്നുമില്ലാത്തതുകൊണ്ടാണ് ഞാന്‍ വരാതിരുന്നത്)
കൂടുതല്‍ പറയുന്നില്ല....
മനുഷ്യനെ കാണണമെങ്കില്‍ സംഗമത്തിന് പോകണ്ട കാര്യമില്ല എന്ന് പറഞ്ഞു ഒരു പോസ്റ്റ്‌ നേരത്തെ ഇട്ടിരുന്നു. ഇനിയും വെറുപ്പിക്കുന്നില്ല.
എന്തായാലും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പങ്കെടുത്തവരും കാഴ്ചക്കാരും എല്ലാവരും പ്ലിങ്ങി എന്ന് പറയാതെ വയ്യ.

Monday 21 December 2015

ഭേദം അന്ധവിശ്വാസികള്‍

കടുത്ത മതവിശ്വാസികളെക്കാള്‍ എന്തുകൊണ്ടും ഭേദം അന്ധവിശ്വാസികളാണ്. അന്ധവിശ്വാസികള്‍ അവരുടെ വിശ്വാസപ്രമാണമനുസരിച്ച് ജീവിക്കുന്നു എന്നിരുന്നാലും മറ്റുള്ളവരെ അവരുടെ വിശ്വാസങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വ്വം കൊണ്ടുവരാന്‍ പരിശ്രമിക്കാറില്ല. മാത്രമല്ല പതുക്കെ അവരെ അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിക്കാനും കഴിയും. കാലം അത് തെളിയിച്ചിട്ടുമുണ്ട്. പക്ഷെ കടുത്ത മതവിശ്വാസികള്‍...?

ഇല്ല-ഫാസിസം ഒരിടത്തും തോല്‍ക്കില്ല ....

കഴിഞ്ഞ ദിവസം സുഹൃത്ത് അനൂപിന്‍റെ വീട്ടില്‍ പോയി. പരൂഷ കഴിഞ്ഞെത്തിയ പുള്ളേര്‍ക്ക് നാലുമണി കാപ്പിക്ക് വേണ്ടി കൊഴുക്കട്ടയുടെ എണ്ണം നോക്കിയപ്പോള്‍ അവന്‍റെ പ്രിയതമ ഞെട്ടി. പത്തെണ്ണം. അവകാശികള്‍ മൂന്നാണ്. ഇളയവന്‍ അഞ്ചെണ്ണത്തില്‍ മുറുകെ പിടിച്ചു നിന്നു. ഇത്തരം അവസരങ്ങളില്‍ തങ്കപ്പെട്ട സ്വഭാവമാണ് അവന്‍റെ. മൂത്ത പെണ്‍കുട്ടികള്‍ രണ്ടര-രണ്ടര സമ്മതിക്കാതെ ശബ്ദമുയര്‍ത്തി.
'ഇത്തിരി ഇല്ലാത്ത അവനു അഞ്ചോ...? അമ്മയ്ക്കവനെ പേടി ആണോ...? ഇളയവള്‍ ഉടക്കി.
ഒടുവില്‍ പുരുഷ മേധാവിത്തം വിജയിച്ചു. ഇളയവന്‍ അഞ്ചെണ്ണം നേടി കൊണ്ട് പിടിച്ചിടത്ത് വച്ച് ഒടിച്ചു. കൊഴുക്കട്ടയ്ക്ക് ചുറ്റും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.
'ഇവന്‍ ഫാസിസ്റ്റ് ആണോ അമ്മേ....?'
മൂത്തവള്‍ ആക്രോശിക്കുന്നത് കേട്ടു.
'ഉമ്മറത്താളുണ്ട്... കിട്ടിയത് തിന്നിട്ട് പൊ...'
സുഹൃത്തിന്‍റെ പ്രിയതമയുടെ ചൂണ്ടു വിരല്‍ ചുണ്ടോടു ചേരുമ്പോള്‍ പെണ്‍പക്ഷം അടങ്ങി.
പെണ്‍പക്ഷം തോറ്റു......
ഭൂരിപക്ഷം തോറ്റു......
കൊഴുക്കട്ടയ്ക്ക് ചുറ്റും പൊട്ടിപ്പുറപ്പെട്ട 'പെണ്ണൊരുമ' മറ്റൊരു പെണ്ണിനാല്‍ ചവിട്ടിയരയ്ക്കപ്പെട്ടു.
ഫാസിസം വിജയിച്ചു.

Thursday 17 December 2015

എഴുതാപ്പുറം വായിക്കാന്‍ പഠിക്കാം

ഒരാള്‍ പറയുന്നതെന്തെന്നല്ല, പറയുന്നതിന്‍റെ അല്ലെങ്കില്‍ വെളിവാക്കാന്‍ ആഗ്രഹിക്കുന്നതിന്‍റെ പൊരുള്‍ എന്താണെന്നാണ് മനസ്സിലാക്കേണ്ടത്. അത് ചിലപ്പോള്‍ ആത്മാര്‍ത്ഥതയില്‍ നിന്നോ, സങ്കടത്തില്‍ നിന്നോ, അസൂയയില്‍ നിന്നോ, ചൊറിച്ചിലില്‍ നിന്നോ, ദേഷ്യത്തില്‍ നിന്നോ,ലാഭേച്ചയില്‍ നിന്നോ, കുത്തലില്‍ നിന്നോ, നശിപ്പിക്കണം എന്ന ചിന്തയില്‍ നിന്നോ ഉരുത്തിരിഞ്ഞതാകാം. വരികളല്ല വരികള്‍ക്കിടയിലൂടെ ആണ് വായിക്കപ്പെടെണ്ടത്. അല്ലെങ്കില്‍ പലരെയും മനസ്സിലാക്കാന്‍ പറ്റാതെ പോകും. ചുരുക്കത്തില്‍ ഇന്നത്തെ കാലത്ത് എഴുതാപ്പുറം വായിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് തോന്നുന്നു.

Wednesday 16 December 2015

ഒന്നുമാകാതെ പോകുന്നവര്‍

മിഡ് ഫീല്‍ഡില്‍ കളിക്കുന്ന ഫുഡ്‌ ബോളര്‍ സെന്‍റര്‍ സര്‍ക്കിളില്‍ നിന്നും ലഭിക്കുന്ന പാസ് ഒറ്റയ്ക്ക് മൂന്നോ നാലോ പേരെ ട്രിബിള്‍ ചെയ്ത് ഗോള്‍ പോസ്റ്റിന്റെ വലതു വിങ്ങിലോ ഇടതു വിങ്ങിലോ എത്തി കൃത്യമായി ഗോള്‍ ഏരിയയിലേക്ക് ക്രോസ് ചെയ്തു കൊടുക്കുന്നു. അത് വരെ എവിടെങ്കിലും പല്ലിനിടയില്‍ കുത്തികൊണ്ട് തെക്കുവടക്ക് നടക്കുന്ന ഫോര്‍വേഡ് എന്ന് പറയുന്ന പഹയന്‍ തക്കം നോക്കി നിന്ന് ബോള്‍ പോസ്റ്റിലേക്ക് തട്ടിയിടുന്നു. ഗോള്‍.......!!!!! ഗോള്‍ അടിച്ച ശേഷം പഹയന്‍ ഷര്‍ട്ട് ഊരുന്നു.. എറിയുന്നു.... ഓടുന്നു...തലേം കുത്തി മറിയുന്നു...കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറുന്നു....കാമുകിയെ കെട്ടിപ്പിടിക്കുന്നു... കൂട്ടുകാരെല്ലാരും ചേര്‍ന്ന് തോളില്‍കയറ്റി വലം വയ്ക്കുന്നു. എന്നാല്‍ മിഡ് ഫീല്‍ഡര്‍ എന്ന പഹയനോ... ഈ മേളം നടക്കുമ്പോള്‍ തലയും കുമ്പിട്ടു തിരികെ സെന്‍റര്‍സര്‍ക്കിളിലേക്കു നടക്കുകയാവും. അടുത്ത ഗോള്‍ അടിപ്പിക്കാനുള്ള തന്ത്രവും മെനഞ്ഞ്.
ഗോളടിച്ച പഹയനെ നോക്കി ആരാധകര്‍ ആര്‍ത്തു വിളിക്കുമ്പോള്‍, അയാള്‍ പത്രത്താളുകളില്‍ നിറയുമ്പോള്‍ അതിനു വേണ്ടി കഷ്ടപെട്ട മിഡ്ഫീല്‍ഡര്‍ ആരാലും ശ്രദ്ധിക്കാതെ വിസ്മരിക്കപ്പെട്ടു പോകുന്നു. എവിടെ ചെന്നാലും കാണും ഇങ്ങനെ അഹോരാത്രം കഷ്ടപ്പെട്ട് ഒന്നുമാകാതെ പോകുന്ന പിന്നാംപുറക്കാര്‍. അത്തരക്കാരിലേക്കും ശ്രദ്ധ ചെല്ലട്ടെ.... പ്രോത്സാഹിപ്പിക്കപ്പെടട്ടെ....!!!

Monday 14 December 2015

എനിക്കിനി എത്ര നേരം....?

മനുഷ്യാ......
ലോകത്തില്‍ മറ്റെന്തിനെക്കാളും വലുത് നിന്‍റെ സന്തോഷം ഒന്ന് മാത്രമാണ്......
ബാക്കിയുള്ളതൊക്കെ നിന്‍റെ സന്തോഷങ്ങളുടെ ഇരകളും...
പറയാമോ...?
ഞാന്‍ ഇനി എന്ത് ചെയ്യണം...?
എന്‍റെ ശരീരം മരവിച്ചു തുടങ്ങി...
വിശപ്പ്‌ കെട്ടു പോയി...
ഇനി കാത്തിരിപ്പാണ്...
എന്‍റെ ജീവിതത്തിനും നിന്‍റെ സന്തോഷത്തിനും ഇടയിലുള്ള ഉന്നം പിഴച്ചില്ല....
ആ കൃത്യതയോടെ പറയൂ....
എനിക്കിനി എത്ര നേരം....?
(ചിത്രത്തിനു കടപ്പാട്)

Sunday 13 December 2015

പാവം മൈദാ

മൈദ :- ഗുണമില്ലാത്തവന്‍, വെയിസ്റ്റ്, അമേരിക്കയില്‍ പട്ടിക്കു പോലും വേണ്ടാത്തവന്‍, പശ ഇത്യാദി പേരുദോഷം വന്നത് കൊണ്ടും ചില രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടക്കുന്നത് പോലെ ഉള്ള വ്യാപക പ്രതിക്ഷേധം നടക്കുന്നതിനാലും വിലക്കയറ്റം ബാധിക്കാത്ത അഹങ്കാരം തൊട്ട് തീണ്ടിയിട്ടില്ലാത്ത രണ്ടു വസ്തുക്കളില്‍ ഒന്ന്. (മറ്റൊന്ന് Fluorescent light ആണ്- അന്നും ഇന്നും 40 രൂപ ) സത്യം പറഞ്ഞാല്‍ കൂലിപ്പണിക്ക് പോകുന്നവന് പ്രഭാത ഭക്ഷണം രണ്ടു തരമാണ്. ഒന്നുകില്‍ കപ്പ അല്ലെങ്കില്‍ പൊറോട്ടാ. ഉച്ചവരെ പിടിച്ചു നില്‍ക്കണമെങ്കില്‍ ഇവന്മാരെ ഉള്ളൂ ഒരു സഹായത്തിന്. പച്ചക്കപ്പയ്ക്ക് കിലോ 20 ഉം ഉണക്ക് കപ്പയ്ക്ക് കിലോ 60 ഉം. ഒരു പ്ലേറ്റ് കപ്പ വേവിച്ചതിനു ഹോട്ടലുകളില്‍ 25 മുതല്‍ മുകളിലോട്ടു റേറ്റ്. പൊറോട്ടാക്കാണെങ്കില്‍ 8 രൂപ മാത്രം. കപ്പയിലും പൊറോട്ടയിലും ഉച്ചവരെ ആശ്വാസം കണ്ടെത്തുന്ന സാധാരണക്കാരനായ കൂലിപ്പണിക്കാരന് മൈദ ദൈവതുല്ല്യം. ദയവായി മൈദയ്ക്ക് ഗുണമുണ്ടെന്നു ആരും ഉറക്കത്തില്‍ പോലും പറയരുതേ.. പാവങ്ങള്‍ പശ കൊണ്ടെങ്കിലും ജീവിച്ചു പൊക്കോട്ടെ...

Tuesday 8 December 2015

മഹത്തായ പ്രവര്‍ത്തികളിലെ ശശികല ശാസ്ത്രം.

എന്‍റെ അകന്ന ബന്ധത്തില്‍ പെട്ട ഒരു യുവാവ് , വിവാഹിതനാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു ദാരുണ അപകടത്തില്‍ പെട്ട് മരിക്കാനിടയായി. ജോലി സ്ഥലത്ത് നിന്നു ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വീട്ടിലെത്തിയതായിരുന്നു അയാള്‍. അയാളുടെ അമ്മ റോഡരുകില്‍ കുറച്ചുയരത്തില്‍ നില്‍ക്കുന്ന ഒരു പപ്പായ കുത്തിയിടാന്‍ ശ്രമിക്കുന്നത് കണ്ടു അമ്മയെ സഹായിക്കാന്‍ ചെന്നതായിരുന്നു അയാള്‍. ഒപ്പം അയല്‍പക്കത്തെ ഒരു സുഹൃത്തും. യുവാവ് അമ്മയുടെ കയ്യില്‍ നിന്നും ഇരുമ്പ് തോട്ടി വാങ്ങി പപ്പായ കുത്തിയിടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈയ്യില്‍ നിന്നും വഴുതി 11kv ലൈനില്‍ മുട്ടുകയും ഷോക്കേല്ക്കുകയും ചെയ്തു. അത് കണ്ടു മകനെ രക്ഷിക്കാന്‍ ആ അമ്മയും അവരെ രണ്ടു പേരെയും രക്ഷിക്കാന്‍ സുഹൃത്തും ഓടിയടുക്കുകയും മൂവരും തല്‍ക്ഷണം ഷോക്കേറ്റു വെന്തു മരിക്കുകയും ചെയ്തു. ശശികല ടീച്ചറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധമണ്ടത്തരം ആണ് യുവാവിന്റെ അമ്മയും സുഹൃത്തും കാണിച്ചത്. സ്വന്തം മകന്‍ ഷോക്കേറ്റ് പിടയുമ്പോള്‍ രക്ഷിക്കാന്‍ മുന്നുംപിന്നും നോക്കാതെ ഓടിയടുക്കുന്ന അമ്മ ഒരു മണ്ടിയാണോ.....? അയല്പക്കത്തുള്ളവര്‍ ഷോക്കേറ്റു പിടയുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചു ജീവന്‍ കളയുന്ന ഒരു സ്നേഹനിധിയായ അയല്പക്കക്കാരന് വിഡ്ഢി ആണോ...? ആയിരിക്കാം. നൌഷാദ് ചെയ്തത് ഒരു മഹത്തരമായ കാര്യമാണെന്ന് ഞാന്‍ കരുതുന്നു. ഒരു പക്ഷെ അയാള്‍ക്ക്‌ ചെയ്ത പ്രവര്‍ത്തിയില്‍ വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ... സ്വന്തം ജീവന്‍ പണയം വച്ച് ഒരു ജോലി ചെയ്യാന്‍ ഒരാള്‍ തയ്യാറായാല്‍ അയാള്‍ ഒരു മണ്ടത്തരം കാണിക്കാന്‍ പോകുന്നു എന്നു തന്നെയാണ് അര്‍ത്ഥം. ശശികല ടീച്ചറിന്‍റെ വീട്ടിലുള്ള ആര്‍ക്കെങ്കിലും ഇത്തരം ഒരപകടം ഉണ്ടായാല്‍ മേല്‍പറഞ്ഞ തരത്തിലുള്ള ഒരു മണ്ടത്തരം കാണിക്കാതെ നോക്കി നില്‍ക്കണം എന്നും ഓര്‍മിപ്പിക്കട്ടെ.

Friday 4 December 2015

'മോഡി' എന്നോ 'പശു' എന്നോ 'ഗോധ്ര' എന്നോ കാണണം

ഞങ്ങളുടെ നാട്ടില്‍ മുറുക്കാന്‍ കട നടത്തുന്ന കുമാരന്‍ ചേട്ടന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ ജോലി കിട്ടണ്ട ആളാ. കടയില്‍ ചെന്നു ഒരു പാക്കറ്റ് ഗോള്‍ഡ്‌ ഫ്ലെയ്ക്ക് താ ചേട്ടാ എന്ന് പറഞ്ഞാല്‍ അതെടുത്ത് തരുന്നതിനോപ്പം ഒരു കമന്റും ഉണ്ടാകും.
'ആകാശം മൂടിയല്ലേ.... ഇന്ന് മഴ ഉണ്ടാകുമായിരിക്കും ?'
'കാണുമായിരിക്കും... ഇത് വില്‍സാ ചേട്ടാ .. ഞാന്‍ ചോദിച്ചത് ഗോള്‍ഡ്‌ ഫ്ലെയ്ക്ക് ആണ്.'
'ഇങ്ങു താ മാറി തരാം... കഴിഞ്ഞ വര്‍ഷം ഈ സമയത്ത് അടമഴയാ.....ഓര്‍ക്കുന്നോ...?'
'ഞാന്‍ ഓര്‍ക്കുന്നില്ല.... ഗോള്‍ഡ്‌ ഫ്ലെയ്ക്കിന് എത്രയാ...?'
'തൊണ്ണൂറ്റിഅഞ്ച്.... ഇന്ന് പകല്‍ എരിപൊരി വെയിലായിരുന്നു..ഉഷ്ണവും.....'
'ഞാന്‍ ബൈക്കിലായിരുന്ന കൊണ്ട് ചൂടറിഞ്ഞില്ല...ഇത് ഞാലിപ്പൂവാനോ അതോ പാളേംകോടനോ...?'
'ഞാലിപ്പൂവന്‍.......ഇന്ന് പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ നല്ല മഞ്ഞുണ്ടായിരുന്നു....'
'ഞാലിപ്പൂവന്‍ കിലോ എന്നാ വിലയാ...'
'മുപ്പത്തിയേഴ്..... പത്തു മണി ആയപ്പോഴേക്കും മഞ്ഞു മാറി വെയിലിനൊപ്പം ഒരു തരം തണുത്ത കാറ്റ് വീശാന്‍ തുടങ്ങി....?'
'പഴം ഒരു കിലോ താ....'
'കന്നീലോന്നും സാധാരണ ഇടിവെട്ടി പെയ്യാറില്ലാത്തതാണ് അല്ലെ?'
'അതിനെവിടാ ഇടി വെട്ടിയത്...?'
'വെട്ടിയില്ല...ഇന്ന് കാണും... അതിന്‍റെയാ ഈ തണുത്ത കാറ്റ് വീശുന്നത്.......'
'മൊത്തം എത്രയാ.....?'
'നൂറ്റിമുപ്പത്തിരണ്ട്.... കഷ്ടകാലത്തിന് ഇന്ന് പെയ്താല്‍ രാത്രിയില്‍ നല്ല കുളിരായിരിക്കും.... കഴിഞ്ഞ വര്‍ഷത്തെ പോലെ....'
'ശരി കുമാരേട്ടാ....'
'ശരി.... പെട്ടന്ന് വിട്ടോ.... മഴ തുടങ്ങുന്നതിനു മുന്‍പ് വീട് പിടിച്ചോ................ഇടീം മഴേം കാറ്റും കുളിരും തണുപ്പും എല്ലാം ഇന്ന് ചിലപ്പോ ഉണ്ടാകും..............................'
ഇങ്ങനെ കുമാരന്‍ ചേട്ടന്‍ എന്ത് പറഞ്ഞാലും അതില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊന്നു എപ്പോഴും കാണും. എന്ന് പറഞ്ഞപോലെ ആണ് ഇപ്പോഴത്തെ ചില ഫെയിസ്ബുക്ക് എഴുത്തുകാര്‍. എന്ത് പറഞ്ഞോണ്ട് വന്നാലും അതില്‍ അവസാനം 'മോഡി' എന്നോ 'പശു' എന്നോ 'ഗോധ്ര' എന്നോ കാണും. അല്ലെങ്കില്‍ പിന്നെ എന്തോന്ന് FB പോസ്റ്റ്‌.........

Thursday 3 December 2015

എന്‍റെ പ്രാര്‍ത്ഥന

"അദ്ധ്വാനമാണ്, ഒരുവന്‍ തന്‍റെ സുഖത്തിനു വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന സത്യസന്ധമായ അദ്ധ്വാനമാണ് ശരിയായ പ്രാര്‍ത്ഥന. അല്ലാതെ കുത്തി ഇരുന്നു കണ്ണടച്ച് കൈകള്‍ കൂപ്പുന്നതല്ല. ഞാന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ എന്‍റെ കുടുബത്തിന് വേണ്ടി ജോലി ചെയ്യുമ്പോള്‍ എന്റെ പ്രാര്‍ത്ഥന പൂര്‍ത്തിയാകുന്നു.പിന്നെ ദൈവത്തിന്‍റെ മുന്‍പില്‍ കണ്ണടയ്ക്കുകയോ കുമ്പിടുകയോ ചെയ്യേണ്ട ആവശ്യം വരുന്നില്ല. മറിച്ച്, രാവിലെ മുതല്‍ വൈകിട്ട് വരെ ഞാന്‍ കുത്തി ഇരുന്നു ദൈവത്തെ വിളിച്ചാല്‍ എന്‍റെയും കുടുംബത്തില്‍ ഉള്ളവരുടെയും വയറ്റിലോട്ടൊന്നും പോകില്ല എന്ന് മാത്രമല്ല ദൈവം എന്നെ നോക്കി കളിയാക്കി ചിരിക്കുകയും ചെയ്യും എന്ന് ഞാന്‍ കരുതുന്നു. "
ഇതാണ് എന്‍റെ പ്രമാണം. എന്‍റെ ശരിയും. എന്‍റെ ജോലിയെ നിങ്ങള്‍ പരിഹസിക്കുമ്പോള്‍ മാത്രം എന്‍റെ ദൈവവും പരിഹസിക്കപ്പെടുന്നു. അല്ലാത്തതൊന്നും എനിക്ക് ദൈവമല്ല തന്നെ.