Tuesday 29 December 2015

'താരെ സമീന്‍ പര്‍' (taare-zameen-par)

എനിക്കുള്ള ഒരുകൂട്ടം കസിന്‍സ് ചെക്കന്മാരില്‍ ഒരുവന്‍ പഠിക്കാന്‍ തീരെ മടിയനായിരുന്നു. എന്നോലോ പ്രായോഗികമായി  കാണിക്കുന്ന ബുദ്ധിയും വായില്‍ നിന്നു വരുന്ന തിയറിയും ഞങ്ങളെ എല്ലാം വെല്ലുന്നതായിരുന്നു.   എടാ 'മണ്ടന്‍ കൊണാപ്പാ' എന്ന് വിളിക്കാന്‍ പലപ്പോഴും വിചാരിക്കുമെങ്കിലും പലസമയങ്ങളിലും  അങ്ങോര്‍ കാഴ്ച വച്ചിട്ടുള്ള അനിതര സാധാരണമായ ബുദ്ധിവൈഭവം അതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചിരുന്നു. സ്കൂള്‍ പരീക്ഷകളില്‍ വല്ലാതെ മാര്‍ക്ക് കുറഞ്ഞപ്പോള്‍ അങ്ങോരുടെ പിതാവ് അവനെ എന്‍റെ ചേച്ചിയുടെ അടുത്ത് കൊണ്ടുവിട്ടിട്ട് പറഞ്ഞു.
'അടുത്ത വര്‍ഷം പത്തിലാ... ഇങ്ങനെ പോയാല്‍ ശരിയാവില്ല. സയന്‍സിനാണെങ്കില്‍ തീരെ മാര്‍ക്കില്ല. നീ ഒന്ന് പഠിപ്പിച്ചെടുക്കണം. സയന്‍സ് മാത്രം മതി. നോക്കട്ടെ ട്യുഷന്‍റെ കുറവാണോന്ന്...'
അങ്ങനെ ക്രിസ്തുമസ് പരീക്ഷയ്ക്ക്  സയന്‍സ് മാത്രം അവനെ നല്ല പോലെ പഠിപ്പിച്ചു. നല്ല മണിമണിയായി ഉത്തരങ്ങള്‍ പറഞ്ഞു പഠിച്ച് അനുഗ്രഹം വാങ്ങി ആശാന്‍ പുറപ്പെട്ടു.  പരീക്ഷ എഴുതി. അവധി കഴിഞ്ഞു. പരീക്ഷ പേപ്പര്‍ കിട്ടി. മാര്‍ക്ക് അന്‍പതില്‍ പൂജ്യം.
'അഞ്ചോ ആറോ മാര്‍ക്ക് ഒക്കെ കിട്ടിയിരുന്നതാ... ഇതിപ്പോ ഉള്ളതും കൂടി ഇല്ലെന്നായി.' അവന്‍റെ അച്ഛന്‍ വീട്ടില്‍ വന്നു പറഞ്ഞ് സങ്കടപ്പെട്ടു. ഒരുപാട്  പരിതപിച്ചു.
കുറച്ചു കഴിഞ്ഞു ന്യൂസ്‌പിടിക്കാന്‍ അവനും പുറകെ കള്ളനെപോലെ എത്തി. ചേച്ചി അവനെ എടിത്തിട്ടു വഴക്ക് പറഞ്ഞു.
'നാണം കെടുത്തിയല്ലോടാ നാറീ.......അന്‍പതില്‍ ഇരുപതു മാര്‍ക്ക് വാങ്ങിയിരുന്നെങ്കില്‍ ഞാന്‍ കഷ്ടപെട്ടതിനു ഒരു ഫലം ഉണ്ടായേനെ....' ചേച്ചിയും ശരിക്കും സങ്കടപ്പെട്ടു. അവന്‍ പാവത്തെപ്പോലെ ഒന്നും മിണ്ടാതെ നിന്നു.
'എല്ലാം നല്ല പോലെ നീ പഠിച്ചതല്ലേ ...എന്നിട്ടെന്തു പറ്റി...?'
സങ്കടം അല്‍പ്പമൊന്നു കുറഞ്ഞപ്പോള്‍ ചേച്ചി അവനോടു ചോദിച്ചു.
'അത് ചേച്ചീ... അന്‍പതില്‍ നാല്പ്പത്തിയേഴെണ്ണത്തിന്‍റെ  ഉത്തരം എനിക്ക് നല്ലപോലെ അറിയാമായിരുന്നു.... ബാക്കിയുള്ള മൂന്നെണ്ണം...!! ആ മൂന്നെണ്ണത്തിന്‍റെ ഉത്തരമല്ലേ എഴുതാന്‍ നമ്മള്‍ പരിശ്രമിക്കേണ്ടത്..? അറിയാവുന്നതിന്‍റെ ഉത്തരമെഴുതി വെറുതെ സമയം കളയണ്ട കാര്യമുണ്ടോ...? അതെനിക്കറിയാം എന്ന് എനിക്കറിയാമല്ലോ..!!!! നമ്മളെന്തിനാ വെറുതെ മറ്റുള്ളവരെ ബോധിപ്പിക്കുന്നത്‌.  :p  :D  പിന്നെ ആ മൂന്നെണ്ണം.. കഷ്ടകാലത്തിന് അത് മൂന്നും തെറ്റിപ്പോയി. അതാ സംഭവിച്ചത്....' അവനും തിയറി അടിച്ച് കുറെ പരിതപിച്ചു.
2007-ൽ പുറത്തിറങ്ങിയ  'താരെ സമീന്‍ പര്‍' എന്ന അമീര്‍ഖാന്‍ ചിത്രം കണ്ടപ്പോള്‍ മുഴുവന്‍ സമയവും ഞാന്‍ അവനെയാണ്‌ ഓര്‍ത്തത്. അല്‍പ്പമൊന്നു നേര്‍വഴിക്കു നയിക്കാന്‍ സമയവും താല്‍പ്പര്യവും പ്രാപ്തിയുമില്ലാത്ത മാതാപിതാക്കളാലും  അധ്യാപകരാലും എത്രയോ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു ഒന്നുമല്ലാതായി പോകുന്നു. :(

No comments:

Post a Comment